അന്തിക്കാട്: അരിമ്പൂരിൽ തമിഴ് നാട്ടുകാരനായ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതികളായ 2 പേരെ അന്തിക്കാട് പോലീസ് പിടികൂടി. തമിഴ്നാട് സ്വദേശികളായ താമോദരൻ, ഷണ്മുഖൻ എന്നിവരെയാണ് അന്തിക്കാട് പോലീസിന്റെയും, ഡാൻസാഫിന്റെയും നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ഈ മാസം 17ന് ഞായറാഴ്ച്ച രാവിലെയാണ് കടലൂർ സ്വദേശി ആദിത്യൻ (41) നെ അരിമ്പൂരിൽ താമസിച്ചിരുന്ന വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തമിഴ് നാട് കാട്ടുമന്ന കോവിലിൽ കാട്ടുമന്നാർകുടി അറുമുഖത്തിൻ്റെ മകൻ കടലൂർ സ്വദേശി ആദിത്യനാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ട്രിച്ചിയിൽ നിന്നും ദാമോദരനെ പിടികൂടിയ ശേഷമാണ് പോലീസിന് ഷണ്മുഖന്റെ പങ്ക് വ്യക്തമാകുന്നത്. തുടർന്ന്
തൃശ്ശൂരിൽ നിന്നും ഷണ്മുഖനെ പിടികൂടുകയായിരുന്നു. തമിഴ്നാട്ടിൽ കൊലപാതക കേസുകൾ ഉൾപ്പെടെ വിവിധ കേസുകളിൽ പ്രതിയാണ് താമോദരൻ. ശമ്പളവുമായി ബന്ധപ്പെട്ട തർക്കമാണ് ആദിത്യന്റെ കൊലപാതകത്തിലേക്ക് നയിച്ചത്. തൃശൂർ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോങ്‌റെ, ഇരിഞ്ഞാലക്കുട ഡിവൈഎസ്പി ടി.കെ. ഷൈജു എന്നിവർ അന്വേഷണം ഏകോപിപ്പിച്ചു. അന്തിക്കാട് എസ്എച്ച്ഒ പി.കെ. ദാസ്, അഡീഷണൽ എസ്ഐ അനിൽകുമാർ, എഎസ്ഐ അസീസ്, സീനിയർ സിപിഒ മിഥുൻ. ആർ. കൃഷ്ണ, സോണി, സുർജിത് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.