വരന്തരപ്പിള്ളി: ഇഞ്ചക്കുണ്ടിൽ പിക്കപ്പ് വാൻ തടഞ്ഞുനിർത്തി ഡ്രൈവറെ ആക്രമിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. മുപ്ലിയം കൽക്കുഴി തെക്കേയൽ ജിൻസ് (38), സഹോദരൻ ജിന്റോ (32) എന്നിവരാണ് അറസ്റ്റിലായത്.
ഇവരുടെ ബന്ധുക്കളായ കോടാലി സ്വദേശി ഷിജോ, പാല സ്വദേശി സുജോ എന്നിവരെ പിടികിട്ടാനുണ്ട്. ഇഞ്ചക്കുണ്ട് ഈന്തിച്ചാലിൽ ലൈജു(47)വിനെയാണ് സംഘം ആക്രമിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. ഇഞ്ചക്കുണ്ട് കൽക്കുഴി റോഡിൽ പ്രതികൾ സഞ്ചരിച്ച കാറിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ്
ആക്രമണത്തിൽ കലാശിച്ചത്. തർക്കത്തെത്തുടർന്ന് കാറെടുത്തുപോയ സഹോദരന്മാർ ബന്ധുക്കളോടൊപ്പമെത്തി വാഹനം തടഞ്ഞ് മാരകായുധങ്ങളുമായി ഡ്രൈവറെ ആക്രമിച്ചെന്നാണ് പരാതി. കൈയ്ക്ക് പരിക്കേറ്റ ലൈജു തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സ തേടിയിരുന്നു. വരന്തരപ്പിള്ളി പോലീസ് എസ്എച്ച്ഒ എസ്. ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.