മാള: സഹകരണബാങ്കിലെ വായ്പക്കുടിശ്ശികയുടെ ഹിയറിങ് കഴിഞ്ഞ് തിരിച്ചെത്തിയ ഓട്ടോറിക്ഷാ ഡ്രൈവർ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ. കുഴൂർ പാറപ്പുറത്ത് മാരിക്കൽ ബിജു (45)വാണ് മരിച്ചത്. ചൊവ്വാഴ്ച രണ്ടരയോടെ ഭാര്യ സബിതയാണ് ബിജുവിനെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടത്.
ബിജുവിന് കുഴൂർ സർവീസ് സഹകരണബാങ്കിൽ വായ്പക്കുടിശ്ശികയുണ്ട്. നിയമനടപടികളുടെ ഭാഗമായി ചൊവ്വാഴ്ച ബിജുവും ഭാര്യയും ബാങ്കിൽ നടത്തിയ ഹിയറിങ്ങിൽ പങ്കെടുത്തിരുന്നു. 2,98,990 രൂപ കുടിശ്ശികയാണ് പലിശസഹിതം ഇവർ അടയ്ക്കേണ്ടത്. സഹകരണസംഘം ആർബിട്രേഷൻ വിഭാഗമാണ് ബിജുവിന് നോട്ടീസ് നൽകിയിരുന്നത്. ആകെ മൂന്നുസെന്റ് സ്ഥലമാണ് ഇവർക്കുള്ളത്. ഓടുമേഞ്ഞിട്ടുണ്ടെങ്കിലും ചോർന്നൊലിക്കുന്ന പ്ലാസ്റ്റിക് ഷീറ്റിട്ട് ഒറ്റമുറിവീട്ടിലാണ്
താമസം. വർഷങ്ങൾക്കുമുൻപ് വീടിന് തറകെട്ടി യെങ്കിലും നിർമാണം തുടരാൻ കഴിഞ്ഞി ല്ല. ഇപ്പോൾ താമസിക്കുന്ന വീടുപണിയാൻ 2020 ഡിസംബറിലാണ് ബിജു 8.5 ലക്ഷം രൂപ വായ്പയെടുത്തത്. കഴിഞ്ഞ ദിവസം ബിജുവിന്റെ ഓട്ടോറിക്ഷ അപകടത്തിൽപ്പെട്ട് ചെറിയ കേടുപറ്റിയതായി നാട്ടുകാർ പറയുന്നു. ബാങ്കിൽനിന്നുള്ള വായ്പ തിരിച്ചടയ്ക്കാൻ സാവകാശം നൽകിയിരുന്നുവെന്ന് ബാങ്ക് സെക്രട്ടറി വി.ആർ. സുനിത അറിയിച്ചു. മാള പോലീസ് മേൽനടപടികൾ സ്വീകരിച്ചു. മക്കൾ: അമൃതേഷ്, അനുഷ്‌ക്ക