അരിമ്പൂർ: കോൾ പാടശേഖരങ്ങളിലെ കെഎൽഡിസി ചാലുകളിൽ നീരൊഴുക്ക് പൂർണ്ണമായും നിലച്ചു.
മണലൂർ, അന്തിക്കാട്, വെങ്കിടങ്ങ്, മുല്ലശ്ശേരി, അരിമ്പൂർ പഞ്ചായത്തുകളിലെ ആയിരകണക്കിന് ഏക്കർ കൃഷിയിറക്കലാണ് ഇത് മൂലം താറുമാറായത്. പാടശേഖരങ്ങളിൽ നിന്ന് വെള്ളമിറങ്ങാതെ കൃഷിയിറക്കാനാകില്ല. പാടങ്ങളിൽ നിന്ന് വെള്ളമൊഴിവാക്കണമെങ്കിൽ കെഎൽഡിസിയുടെ ചാലുകളിലേക്ക് വെള്ളം അടിച്ചു കയറ്റണം. ഈ പ്രക്രിയ നടക്കണമെങ്കിൽ ചാലുകളിൽ നിന്നും കരുവാലിയുൾപ്പടെയുള്ള കുളവാഴയും ചണ്ടിയും നീക്കം ചെയ്യണം. ഈ പ്രവർത്തനങ്ങൾ വേണ്ട വിധത്തിൽ
നടക്കാതെ വന്നതാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമായതെന്ന് കർഷകർ പറയുന്നു. വിവരം അറിഞ്ഞ് മുരളി പെരുനെല്ലി എംഎൽഎ സ്ഥലത്തെത്തി കാര്യങ്ങൾ കണ്ട് വിലയിരുത്തുകയും ബന്ധപ്പെട്ട ഉയർന്ന ഉദ്യോസ്ഥനെ ഫോണിൽ വിളിച്ച് കാര്യങ്ങൾ വിശദമായി ബോധ്യപ്പെടുത്തുകയും ചെയ്തു. പ്രശ്നം വളരെ ഗൗരവമുള്ളതാണെന്നും അടിയന്തിര ഇടപെടലിനായി ജില്ലകളക്ടറുടെയും വകുപ്പ് മന്ത്രിയുടെയും ശ്രദ്ധയിൽ പെടുത്തുമെന്നും എംഎൽഎ പറഞ്ഞു.