കൊടുങ്ങല്ലൂർ: പി. വെമ്പല്ലൂർ അസ്മാബി കോളേജിനടുത്ത് യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. കൊലപാതകമെന്ന് സംശയം. പി. വെമ്പല്ലൂർ സുനാമി കോളനിയിൽ കാവുങ്ങൽ വീട്ടിൽ നടേശൻ്റെ മകൻ ധനേഷ് (36) ആണ് മരിച്ചത്.
അസ്മാബി കോളേജിന് സമീപം തെക്കുടൻ ബസാർ ഷാപ്പിനടുത്താണ് ധനേഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച വൈകീട്ട് മൂന്ന് മണിയോടെ ധനേഷിൻ്റെ വീട്ടു പരിസരത്ത് മദ്യപർ തമ്മിൽ അടിപിടി ഉണ്ടായിരുന്നു. സംഭവം അറിഞ്ഞെത്തിയ പോലീസ് ഇവിടെ നിന്നും ചിലരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ വൈകീട്ട് അഞ്ചരയോടെയാണ് ധനേഷ് തെക്കുടൻ ബസാർ ഷാപ്പിനടുത്ത് കുഴഞ്ഞു വീണതായി പോലീസിന് വിവരം ലഭിച്ചത്. പോലീസ് എത്തി ധനേഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. നെറ്റിയിൽ മുറിവേറ്റ പാടുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. മൃതദേഹം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. കൊലപാതകമാണോ എന്ന കാര്യത്തിൽ കൂടുതൽ അന്വേഷണം നടന്നു വരുന്നതായും പോലീസ് പറഞ്ഞു