ചെമ്മാപ്പിള്ളി: സീതാദേവിയെ വീണ്ടെടുക്കാനുള്ള പരിശ്രമത്തിനിടെ സേതുബന്ധനം നടത്തിയ രാമേശ്വരത്ത് പോലും ഇല്ലാത്ത ആഘോഷവുമായി ചെമ്മാപ്പിള്ളി ശ്രീരാമൻ ചിറയിൽ തൃപ്രയാർ തേവർ സെപ്തംബർ 25 ന് ചിറകെട്ടും.
ശ്രീരാമസൈന്യ പ്രതിനിധികളായ 9 ഹൈന്ദവ സമുദായാംഗങ്ങൾ വിവിധ സേതുബന്ധന ചടങ്ങുകൾ നിർവ്വഹിക്കും. ഒഴുകിയെത്തുന്ന ഭക്തർ സ്വയം അണ്ണാറക്കണ്ണനെന്ന് സങ്കൽപ്പിച്ച് ഒരു പിടി മണ്ണിട്ട് സേതുബന്ധന വന്ദനം നടത്തും. പുലർച്ചെ മൂന്നു മണിക്ക് തൃപ്രയാർ സ്വാമി ക്ഷേത്രത്തിൽ നിയമവെടി കേൾക്കുന്നതോടെ ആരംഭിക്കുന്ന ചടങ്ങുകളും ആഘോഷങ്ങളും രാത്രി വരെ നീണ്ടു നിൽക്കും. ചടങ്ങുകളുടെ പ്രധാന സാക്ഷിയായ തൃപ്രയാർ തേവർ അന്നു രാത്രി പുതുതായി നിർമ്മിച്ച സേതുവിൽ വിശ്രമിച്ച് പിറ്റേന്ന് പുലർച്ചെ ക്ഷേത്രത്തിൽ തിരിച്ചെത്തും എന്നും ഭക്തർ വിശ്വസിക്കുന്നു. രാവിലെ 9 മുതൽ തൃപ്രയാർ അനിയൻമാരാരുടെ നേതൃത്വത്തിൽ ശ്രീരാമൻ ചിറയിന്മേൽ
പാണ്ടിമേളം നടക്കും. ഗജവീരൻ ചെറുശ്ശേരി രാജേന്ദ്രന്റെ അകമ്പടിയോടെ ഘോഷയാത്ര കൊട്ടാരവളപ്പിൽ ക്ഷേത്രത്തിൽ സമാപിക്കും. രാവിലെ 11.30 മുതൽ ശബരീമാതാവ് ശ്രീരാമനെ സ്വീകരിച്ചതിനെ അനുസ്മരിച്ച് വിവിധ ജാതി – മത പ്രതിനിധികളുടെ പങ്കാളിത്തത്തോടെ ശബരീ സൽക്കാരം നടക്കും. ഉച്ചക്ക് 2 മണി മുതൽ ചാഴൂർ ഫ്രണ്ട്സ് കലാവേദി അവതരിപ്പിക്കുന്ന കൈകൊട്ടിക്കളി ചിറക്കെട്ടിന്മേൽ അരങ്ങേറും.
വൈകീട്ട് മൂന്ന് മണി മുതൽ വിവിധ ക്ഷേത്രങ്ങളിൽ നിന്നുമുള്ള ആഘോഷ പരിപാടികൾ ആരംഭിക്കും. ഉച്ചക്ക് 2.30 ന് ശിവജി നഗർ തൈവളപ്പിൽ മുത്തപ്പൻ ഭഗവതി ക്ഷേത്രത്തിൽ നിന്നും ശിങ്കാരിമേളവും ഫ്യൂഷനും ആരംഭിക്കും. ഭാഭാസ് ശിവജി നഗർ സംഘടിപ്പിക്കുന്ന പരിപാടിക്ക് കാൽവരി ജോസേട്ടൻ കിംഗ്സും ഗിന്നസ് കിഷോർ അന്തിക്കാടും ആണ് നേതൃത്വം നൽകുന്നത്. വൈകീട്ട് മൂന്നിന് പെടയനാട് ബാപ്പു ക്ലബ്ബ് നേതൃത്വം നൽകി അവതരിപ്പിക്കുന്ന കുമ്മാട്ടി ഘോഷയാത്ര മുറ്റിച്ചൂർ കോക്കാൻ മുക്കിൽ നിന്നും തുടങ്ങും. ആറാട്ടുപുഴ ഉത്രം നാട്ടറിവ് പഠന കേന്ദ്രം അവതരിപ്പിക്കുന്ന കാളകളി ആനേശ്വരം ബ്രദേഴ്സിന്റെ നേതൃത്വത്തിൽ വൈകീട്ട് 4 മണിക്ക് ചെമ്മാപ്പിള്ളി ആനേശ്വരം ക്ഷേത്രത്തിൽ നിന്നും ആരംഭിക്കും. വൈകീട്ട് 3 മണിക്ക് ചങ്ക്സ് സൗഹൃദ സംഘടിപ്പിക്കുന്ന തെയ്യവും ശിങ്കാരിമേളവും വടക്കുംമുറി പനോലി ഭദ്രകാളി
ക്ഷേത്രത്തിൽ നിന്നും ആരംഭിക്കും. കിഴക്കുംമുറി സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ താന്ന്യം ശ്രീമുരുക അവതരിപ്പിക്കുന്ന ചിന്ത്പാട്ട് വൈകീട്ട് 4 ന് പെരിങ്ങോട്ടുകര തിരുവാണിക്കാവ് ക്ഷേത്രത്തിൽ നിന്നും ആരംഭിക്കും. വടക്കുംമുറി സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ കൂറ്റനാട് തട്ടകം നാടൻ കലാസമിതി അവതരിപ്പിക്കുന്ന തിറയാട്ടം വൈകീട്ട് 3 ന് കുട്ടൻകുളം ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്നും ആരംഭിക്കും. കായമ്പുള്ളി ആൽ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ നിന്നും വൈകീട്ട് 5 ന് ആരംഭിക്കുന്ന ചെണ്ടമേളവും എഴുന്നള്ളിപ്പും ഗജരാജൻ തട്ടത്തുവിള ശിവന്റെ അകടിയോടെ ചെമ്മാപ്പിള്ളിയിലത്തും. എല്ലാ ഘോഷയാത്രകളും ശ്രീരാമൻചിറ കെട്ടിന്മേൽ സംഗമിച്ചതിനു ശേഷം കലിസംതരണ മന്ത്ര ജപം നടക്കും. തുടർന്ന് ചിറകെട്ട് അവകാശി പനോക്കി സുരേഷ് പരമ്പരാഗത രീതിയിൽ സേതുബന്ധന ചടങ്ങുകൾ നിർവ്വഹിക്കും. അതിനു ശേഷം എല്ലാ ഘോഷയാത്രകളും കൊട്ടാരവളപ്പിലെത്തുകയും തൃപ്രയാർ ദേവസ്വം മാനേജർ ശ്രീ. എ.പി. സുരേഷ് അവകാശ വിതരണം നൽകുകയും ചെയ്യുന്നതോടെ ചടങ്ങുകൾ അവസാനിക്കും.