ഗുരുവായൂർ: വയനാട് പനമരം കൂടോത്തുമ്മലിൽ നിന്നു കാണാതായ വിമിജയെയും (45), അഞ്ചു മക്കളെയും കണ്ടെത്തി. ഇവരെ18 മുതൽ കാണാതായി എന്ന പരാതിയെ തുടർന്ന് പൊലീസ് അന്വേഷണമാരംഭിച്ചിരുന്നു. ഷൊർണ്ണൂരിലെ ബന്ധുവീട്ടിൽ നിന്ന് ഇന്നലെ തൃശൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയ വിമിജയും കുട്ടികളും ഉച്ചയോടെ ഗുരുവായൂ രിൽ എത്തി.
രാത്രി 7നാണ് പൊലിസ് ഇവരെ കണ്ടെത്തിയത്. പൊലീസ് അന്വേഷിക്കുന്നുണ്ട് എന്ന വിവരമൊന്നും അറിഞ്ഞിരുന്നില്ലെന്നു വിമിജ പറയുന്നു. വയനാട്ടിൽ നിന്നു പറശ്ശിനിക്കടവ് മുത്തപ്പൻക്ഷേത്രത്തിലേക്കാണു വിമിജയും കുട്ടികളും ആദ്യം പോയത്. പിന്നീട് കോഴിക്കോട് ഫറോക്കിലെ ബന്ധുവിന്റെ വീട്ടിലേക്കു പോയി. അവിടെ നിന്നു വീണ്ടും പറശ്ശിനിക്കടവിലേക്കു പോയെന്നും പറയുന്നു. ഷൊർണൂരിലെ മറ്റൊരു ബന്ധുവിന്റെ വീട്ടിലെത്തി പണം വാങ്ങിയ ശേഷം
ഇന്നലെയാണു ഗുരുവായൂരിലെത്തിയത്. ഇന്നു രാവിലെ അവിടെ നിന്നു മടങ്ങാനായിരുന്നു ഉദ്ദേശ്യം എന്നു വിമിജ പറഞ്ഞു. ഭർത്താവ് ജെഷിക്കൊപ്പം 3 വർഷമായി കൂടോത്തുമലിൽ വാടകയ്ക്കു താമസിക്കുകയാണു വിമിജ. കണ്ണൂരിൽ മത്സ്യത്തൊഴിലാളിയായ ജെഷി ഇടയ്ക്കു മാത്രമേ വയനാട്ടിൽ വരാറുള്ളൂവെന്ന് അയൽവാസികൾ പറഞ്ഞു. ചേളാരിയിലെ സ്വന്തം വീട്ടിലേക്കെന്നു പറഞ്ഞാണു വിമിജയും കുട്ടികളും പുറപ്പെട്ടത്.