തൃശ്ശൂർ: പശ്ചിമ ബംഗാളിൽ നിന്ന് തൃശ്ശൂരിലേക്ക് ട്രെയിനിൽ കടത്തുകയായിരുന്ന 3.520 കിലോ കഞ്ചാവ് തൃശ്ശൂർ എക്സൈസ് സ്പെഷ്യൽ സ്ക്വാഡും റെയിൽവേ സംരക്ഷണ സേനയും പിടി കൂടി.
മുർഷിദാബാദ് സ്വദേശികളായ എസ്.കെ. ഷറിഫുൾ (36), എസ്.കെ. തജറുദ്ദീൻ (22), എസ്. കെ. ഹസിബുൾ (26) എന്നിവരെ അറസ്റ്റുചെയ്തു. ആറുകെട്ടുകളാക്കി പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് പൊതിഞ്ഞ നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. ഒറ്റ നോട്ടത്തിൽ ബൊക്കെ പോലെ തോന്നിപ്പിക്കും വിധമായിരുന്നു കഞ്ചാവ് പൊതിഞ്ഞിരുന്നത്. ഉച്ചക്ക് 1.45-ന് ഷാലിമാർ എക്സ്പ്രസ് തൃശ്ശൂരിലെത്തി യപ്പോൾ പ്രതികൾ മൂന്നുപേരും ട്രെയിനിൽ നിന്നിറങ്ങി. ട്രെയിൻ നീങ്ങിതുടങ്ങിയപ്പോൾ രണ്ടു പേർ ചാടിക്കയറുന്നതു കണ്ട് സംശയം
തോന്നി. തൃശ്ശൂരിൽ ഇറങ്ങിയ ആളെ ചോദ്യം ചെയ്തപ്പോഴാണ് വിവരമറിയുന്നത്. ആർ.പി.എഫ്. ഉദ്യോഗസ്ഥരും പ്രതികൾക്കു പിന്നാലെ ട്രെയിനിൽ കയറി. ട്രെയിൻ ആലുവയിലെത്തിയപ്പോഴാണ് ഇവരെ പിടികൂടിയത്. പിന്നീട് ഇവരേയും തൃശ്ശൂരിലെത്തിച്ചു. എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പി. ജുനൈദിന്റെ നേതൃത്വത്തിലുള്ള സംഘം ആർ.പി.എഫിന്റെയും, ഡോഗ് സ്ക്വാഡിന്റെയും കൂടി സഹായത്തിലാണ് പ്രതികളെ പിടികൂടിയത്.