അരിമ്പൂർ: തമിഴ്നാട് സ്വദേശിയായ യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സൂചന. എൻ. ഐ. ഡി റോഡിൽ ഓളം തല്ലിപ്പാറയ്ക്ക് സമീപം താമസിക്കുന്ന തമിഴ്നാട് കാട്ടുമന്ന കോവിൽ കാട്ടുമന്നാർകുടി അറുമുഖത്തിൻ്റെ മകൻ ആദിത്യൻ (41) നെയാണ് ഞായറാഴ്ച രാവിലെ താമസിച്ചിരുന്ന വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹത്തിന് നാലു ദിവസത്തോളം പഴക്കമുണ്ടായിരുന്നു. പോസ്റ്റ് മോർട്ടം നടത്തിയ ഡോക്ടർമാരാണ് മരണം കൊലപാതകമാണെന്ന സൂചന നൽകിയിട്ടുള്ളത്. തുടർന്ന് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വീട്ടിൽ പരിശോധന നടത്തി.
പോലീസ് നായയേയും പരിശോധനയ്ക്ക് എത്തിച്ചിരുന്നു. കൂലിപ്പണിക്കാരനായ ആദിത്യൻ വീട്ടിൽ തനിച്ചാണ് താമസിച്ചിരുന്നത്. വീട്ടിൽ നിന്നും ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം തിങ്കളാഴ്ച സംസ്കരിച്ചു.