തൃപ്രയാർ: ഏതു നിമിഷവും നിലം പൊത്താവുന്ന പ്ലാസ്റ്റിക് ഷീറ്റിൽ പൊതിഞ്ഞ കുടിലിൽ കഴിയുന്ന 87 കാരിയായ കാർത്യായനിയമ്മയ്ക്ക് നാട്ടിക എസ്.എൻ ട്രസ്റ്റ് ഹയർസെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വിദ്യാർഥികളുടെ കരുതൽ. എൻ.എസ്.എസ് നടപ്പിലാക്കുന്ന സമർപ്പൺ പദ്ധതിയുടെ ഭാഗമായി നാട്ടിക ഹെൽത്ത് സെന്ററിലെ ആശ വർക്കർമാർ, പാലിയേറ്റീവ് അംഗങ്ങൾ എന്നിവരോടൊപ്പം സർവേക്ക് എത്തിയപ്പോഴാണ് തണുത്തുറഞ്ഞ നിലത്ത് ഒരു പായപോലുമില്ലാതെ കിടക്കുന്ന കാർത്യായനിയമ്മയുടെ ദയനീയാവസ്ഥ കുട്ടികൾ കാണുന്നത്. കുട്ടികൾ ഉടൻ പ്രോഗ്രാം ഓഫീസറായ ശലഭ ടീച്ചറെ അറിയിക്കുകയായിരുന്നു. തുടർന്ന് തൊട്ടടുത്ത ദിവസം കിടക്ക, പുതപ്പ്, തലയിണയുമായി കാർത്യായനിയമ്മയെ കാണാൻ കുട്ടികളെത്തി. കൂടാതെ ഒരു മാസത്തേക്ക് ആവശ്യമായ ഭക്ഷണ സാധനങ്ങൾ മകളെ ഏൽപ്പിക്കുകയും
ചെയ്തിട്ടാണ് കുട്ടികൾ മടങ്ങിയത്. എസ്.എൻ ട്രസ്റ്റ് സ്കൂളിനു സമീപം പ്ലാസ്റ്റിക് ഷീറ്റിൽ പൊതിഞ്ഞ, ചോർന്നൊലിക്കുന്ന കുടിലിലാണ് വാഴപ്പുള്ളി കാർത്യായനിയമ്മയും മകളും താമസിക്കുന്നത്.സമർപ്പൺ പദ്ധതിയുടെ ഭാഗമായി ഇത്തരം സേവനങ്ങൾക്ക് വേണ്ടി പണം കണ്ടെത്തുന്നതിനായി എൻ. എസ്.എസിന്റെ നേതൃത്വത്തിൽ ബിരിയാണി ഫെസ്റ്റ് സംഘടിപ്പിച്ചിരുന്നു. അതിൽ നിന്നും ലഭിച്ച വരുമാനത്തിൽ നിന്നാണ് ഇത്തരം സഹായങ്ങൾ നൽകുന്നതെന്ന് പ്രോഗ്രാം ഓഫീസർ ശലഭ ടീച്ചർ അറിയിച്ചു. ചെറുതും വലുതുമായ ഒട്ടേറെ സഹായങ്ങൾ ഇതിനു മുൻപും നാട്ടിക എസ്. എൻ ട്രസ്റ്റ് സ്കൂളിലെ എൻ.എസ്.എസ് വിഭാഗത്തിലൂടെ സാധാരണക്കാർക്ക് നൽകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും കൂടുതൽ ആളുകളുടെ സഹായം നിരാലംബംരായ ഇത്തരം പാവങ്ങൾക്ക് ലഭിക്കണമെന്നും ടീച്ചർ പറഞ്ഞു. പ്രോഗ്രാം ഓഫീസറായ ശലഭ ടീച്ചർക്കൊപ്പം എൻ.എസ്.എസ് വിദ്യാർഥികളായ ആവണി, ശ്രീലക്ഷ്മി, അധ്യാപിക ബി. ഷൈജയും സാധനങ്ങൾ കൈമാറാൻ വീട്ടിലെത്തിയിരുന്നു.