ചാവക്കാട്: കേന്ദ്ര ആരോഗ്യ മന്ത്രാലയം തുടങ്ങുന്ന ‘ആയുഷ്മാൻ ഭവ’ കാമ്പയിൻ ജില്ലാതല ഉദ്ഘാടനം ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ടി.എൻ. പ്രതാപൻ എംപി നിർവഹിച്ചു. ആരോഗ്യവകുപ്പിന് കീഴിൽ നടപ്പാക്കുന്ന എല്ലാ ആരോഗ്യസേവനങ്ങളും പദ്ധതികളും ഗ്രാമ-നഗര വ്യത്യാസമില്ലാതെ സമൂഹത്തിലെ എല്ലാ തട്ടിലും എത്തിക്കുകയാണ് കാമ്പയിന്റെ ലക്ഷ്യം. രോഗി സുരക്ഷ സന്ദേശ പോസ്റ്റർ പ്രകാശനവും എം.പി. ഇതോടൊപ്പം നടത്തി. ജില്ലാ പഞ്ചായത്ത് പ്ര സിഡന്റ് പി.കെ. ഡേവിസ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ മാൻ റഹീം വീട്ടിപറമ്പിൽ മുഖ്യാതിഥിയായി. ജില്ലാ മെഡിക്കൽ ഓഫീസർ
ഡോ. ടി.പി. ശ്രീദേവി രോഗീ സുരക്ഷാ അവയവദാന പ്രതിജ്ഞകൾ ചൊല്ലിക്കൊടുത്തു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.പി. സജീവ് കുമാർ ആയുഷ്മാൻ ഭവ പദ്ധതി വിശദീകരണം നടത്തി. നഗരസഭ ചെയർപേഴ്സൺ ഷീജാ പ്രശാന്ത്, ആർദ്രം നോഡൽ ഓഫീസർ ഡോ. ശ്രീജിത്ത് എച്ച്. ദാസ്, നഗരസഭ വൈസ് ചെയർമാൻ കെ.കെ. മുബാറക്, ജില്ലാ ആർ.സി.എച്ച്. ഓഫീസർ ഡോ. ടി.കെ. ജയന്തി, ചാവക്കാട് താലൂക്ക് ആസ്ഥാന ആശുപത്രി സൂപ്രണ്ട് ഡോ. ഷാജ് കുമാർ, ജില്ലാ എജ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ ഇൻചാർജ് പി. സോണിയ ജോണി, ബുഷ്റ ലത്തീഫ്, കെ.വി. സത്താർ, എം.ബി. പ്രമീള എന്നിവർ പ്രസംഗിച്ചു.