കണ്ടശ്ശാംകടവ്: താനാപ്പാടം കോൾപ്പടവിൽ നെൽകൃഷിയിറക്കേണ്ടെന്ന് തീരുമാനം. കോൾപടവിലേക്ക് വെള്ളമെത്തിച്ചിരുന്ന ഓവുചാലുകൾ മണലൂർ പഞ്ചായത്ത് പൊളിച്ചുമാറ്റിയ ശേഷം പുനർനിർമിക്കാത്തതിനെത്തുടർന്നാണിത്. തൊണ്ണൂറേക്കർ വരുന്ന കോൾപ്പടവിൽ മേഖല തിരിച്ചാണ് കൃഷിയിറക്കുന്നത്. ഫാം റോഡുകളിൽ സ്ഥാപിച്ച ഓവുപാലങ്ങൾ വഴിയാണ് വയലുകളിലേക്ക് വെള്ളം ചാലിൽനിന്ന് കയറ്റുന്നത്.
ജൂണിൽ മഴ കനക്കുമെന്നും തുടർന്നുണ്ടാകുന്ന വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി മഴവെള്ളം ഒഴുകിപ്പോകുന്നതിന് തടസ്സമായ സൂയിസുകൾ അടക്കമുള്ളവ പൊളിച്ചുമാറ്റണമെന്നും ജില്ല കൃഷി ഓഫീസർ ഉത്തരവിട്ടിരുന്നു. ഇതേത്തുടർന്നാണ് അഞ്ചിടത്തായി നിർമിച്ചിരുന്ന ഓവുചാലുകൾ പൊളിച്ചുമാറ്റിയത്. കൃഷിയിറക്കേണ്ട സമയത്ത് ഇവ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് പുനർനിർമിക്കാമെന്നായിരുന്നു കർഷകർക്ക് നൽകിയ വാഗ്ദാനം. സെപ്റ്റംബറിൽ കൃഷിയിക്കുന്നതിനായി ചാലുകൾ പുനഃസ്ഥാപിക്കേണ്ടതുണ്ട്. വെള്ളം ഒഴുകിപ്പോകത്തക്ക രീതിയിൽ വേണം ഇവ
നിർമിക്കേണ്ടത്. ഇതിനിടെ പഞ്ചായത്തിൽ പ്രസിഡന്റ് മാറി. പുതിയ പ്രസിഡന്റ് ഓഗസ്റ്റിലാണ് ചുമതലയേറ്റത്. പൊളിച്ച ഓവുചാലുകൾ പഞ്ചായത്ത് പുനർനിർമിച്ചു നൽകണമെന്ന് ആവശ്യപ്പെട്ട് കോൾപ്പടവ് കമ്മിറ്റിക്ക് കത്ത് നൽകി. എന്നാൽ കേടായ കോൺക്രീറ്റ് പൈപ്പുകൾ മാറ്റുന്നതടക്കമുള്ള പ്രവർത്തനങ്ങൾക്ക് മൂന്നു ലക്ഷത്തോളം രൂപ ചെലവുവരുമെന്നാണ് എൻജിനിയറിങ് വിഭാഗത്തിന്റെ വിലയിരുത്തൽ. അമ്പതിനായിരം രൂപമാത്രമേ നൽകാനാകൂവെന്നാണ് പഞ്ചായത്ത് അധികൃതർ പറഞ്ഞതെന്ന് കോൾപ്പടവ് പ്രസിഡന്റ് പി.ബി. ഹരിദാസ് പറഞ്ഞു. ഇതോടെയാണ് കൃഷിയിറക്കേണ്ടെന്ന് കഴിഞ്ഞ ദിവസം നടന്ന കോൾപ്പടവ് കമ്മിറ്റി യോഗത്തിൽ തീരുമാനമെടുത്തത്.