അരിമ്പൂർ: ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീ പ്രവർത്തകർക്ക് സ്വന്തമായി ഒരു ഓഫീസ് എന്ന സ്വപ്നം യാഥാർഥ്യമായി. കുടുംബശ്രീ പ്രസ്ഥാനം ആരംഭിച്ച് 25 വർഷം പിന്നിടുന്ന വേളയിൽ ഗ്രാമപഞ്ചായത്തിന് അടുത്തായി മഹാത്മാ ഗ്രന്ഥശാലയുടെയും കുടുംബശ്രീ ജനകീയ ഹോട്ടലിന്റെയും സമീപത്തായാണ് പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിന് പുതിയ ഓഫീസ് തുറന്നത്.
ഇതുവരെ പഞ്ചായത്ത് ഓഫീസിനുള്ളിൽ പരിമിത സംവിധാനങ്ങളിലാണ് പ്രവർത്തിച്ചിരുന്നത്. കോൺഫറൻസ് ഹാൾ, ചെയർപേഴ്സൺമാർക്കുള്ള ക്യാബിൻ, അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെ പുതിയ ഓഫീസിൽ ഒരുക്കിയിട്ടുണ്ട്. 2018 -19 വർഷത്തിൽ അനുവദിച്ച 5,92000 രൂപയും 2021-22 ൽ 3 ലക്ഷം രൂപയും ചെലവഴിച്ചാണ് നിർമ്മാണം. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി.ബി. മായ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്മിത അജയകുമാർ അധ്യക്ഷയായി. സിഡിഎസ്
ചെയർപേഴ്സൺ ജിജി ബിജു, വൈസ് ചെയർപേഴ്സൺ ശോഭ സുരേഷ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ജി. സജീഷ്, സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു സഹദേവൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഹരിദാസ് ബാബു.കെ. കെ, ഡിപിഎം ഷോബു നാരായണൻ, അസിസ്റ്റന്റ് സെക്രട്ടറി റെസ്സി റാഫേൽ, വാർഡ് മെമ്പർമാർ, കുടുംബശ്രീ ബ്ലോക്ക് കോ-ഓഡിനേറ്റർമാർ, ഹരിത കർമ്മ സേനാംഗങ്ങൾ, തൊഴിലുറപ്പ് പ്രവർത്തകർ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.