കാഞ്ഞാണി: എസ്എഫ്ഐ അരിമ്പൂർ ലോക്കൽ സെക്രട്ടറി അനന്തകൃഷ്ണനെ ആക്രമിച്ച് മർദിച്ച ശേഷം കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിച്ച കേസിലെ മുഖ്യ പ്രതിയെ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. വെളുത്തൂർ സ്വദേശി അഭിഷേകിനെയാണ് എസ്ഐ കെ. ശ്രീഹരിയുടെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്. എസ്എഫ്ഐ അരിമ്പൂർ ലോക്കൽ സെക്രട്ടറി അനന്തകൃഷ്ണന് കത്തി കൊണ്ട് ആക്രമണത്തിൽ പരിക്കേറ്റിരുന്നു. മർദിച്ച ശേഷം പ്രതി ഇയാളെ കത്തികൊണ്ട് കഴുത്തിൽ കുത്താൻ ശ്രമിക്കുകയായിരുന്നു. അനന്തകൃഷ്‌ണൻ ഒഴിഞ് മാറിയതോടെ കത്തികൊണ്ടു് ഷർട്ട്
കീറി ഷോൽഡറിലാണ് മുറിവേറ്റത്. തലനാരിഴക്കാണ് കൊലപാതക ശ്രമത്തിൽ നിന്നും അനന്തകൃഷ്ണൻ രക്ഷപെട്ടത്. ഈ കേസിലാണ് മുഖ്യ പ്രതിയായ വെളുത്തൂർ സ്വദേശി ചുള്ളിപ്പറമ്പിൽ അഭിഷേകി (21) നെ പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ രണ്ടാം പ്രതി വൈശാഖിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. മനക്കൊടി കുന്നുംപുറത്ത് വച്ചായിരുന്നു ആക്രമണം നടന്നത്. വെളുത്തൂർ, മനക്കൊടി, കോൾ പാടശേഖരങ്ങളും, മോട്ടോർ പുരകളും കേന്ദ്രീകരിച്ച് വലിയ രീതിയിലുള്ള ലഹരി മാഫിയകളുടെ വിളയാട്ടം നടക്കുന്നതായും ഇതിനെ ചോദ്യം ചെയ്തതിൽ പ്രകോപിതരായാണ് മാഫിയ സംഘം എസ്എഫ്ഐ ലോക്കൽ സെക്രട്ടറിയെ അക്രമിച്ചതെന്നുമാണ് പരാതി. അന്തിക്കാട് എസ്ഐ കെ. ശ്രീഹരി, ജിഎസ്ഐ അനിൽകുമാർ, പോലീസ് ഉദ്യോഗസ്ഥരായ ഗോപിദാസ്, ദർശൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.