കൊടുങ്ങല്ലൂർ: കാവിൽകടവ് സെന്റ്. ആന്റണീസ് പള്ളിയുടെ മുൻവശത്ത് നിന്നും 8.9 ഗ്രാം എംഡിഎംഎ യുമായി ഒല്ലൂർ പട്ടാണിതോപ്പ് സ്വദേശി തണ്ടാശേരി വീട്ടിൽ വിപിൻ അറസ്റ്റിലായി. പിടിയിലായ പ്രതി ഒരു വർഷത്തോളമായി ലഹരി വിൽപന നടത്തി വരുന്നുണ്ട്. ബാംഗ്ലൂർ നിന്നും കാരിയർ വഴി എത്തിക്കുന്ന എംഡിഎംഎ ചെറിയ അളവിൽ വില്പന നടത്താതെ വലിയ അളവിൽ വില്പന നടത്തുകയാണ് ചെയ്തിരുന്നത്. ആവശ്യാനുസരണം ഏജൻ്റ്മാർ മുഖേനയാണ് പ്രതി മയക്കുമരുന്ന് വിൽപന നടത്തി വന്നിരുന്നത്. തൃശ്ശൂർ റൂറൽ എസ്പിക്കു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പോലീസ്
നടത്തിയ പരിശോധനയ്ക്കിടെയാണ്പ്രതി പിടിയിലായത്. ബാംഗളൂർ നിന്നുമാണ് എംഡിഎംഎ കൊണ്ടുവരുന്നതെന്നും പ്രതി മൊഴി നൽകിയിട്ടുണ്ട്. വിദ്യാർത്ഥികൾക്കും, യുവാക്കൾക്കും ഇടയിൽ വിൽപന നടത്തുവാനാണ് മയക്കുമരുന്ന് എത്തിച്ചെതെന്ന് പ്രതി ചോദ്യം ചെയ്യലിൽ പറഞ്ഞു. പ്രതിക്ക് മയക്കുമരുന്ന് ലഭിച്ചതിൻ്റെ ഉറവിടവും, വിൽപന നടത്തിയവയെയും കുറിച്ച് പോലീസ് ഊർജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തൃശ്ശൂർ റൂറൽ എസ്പി ഐശ്വര്യ ഡോങ്ങ്ഗ്രേയുടെ നിർദ്ദേശ പ്രകാരം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഷാജ് ജോസ്, കൊടുങ്ങല്ലൂർ ഡിവൈഎസ്പി സലീഷ്. എൻ. ശങ്കരൻ എന്നിവരുടെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ ഐഎസ്എച്ച്ഒ ബൈജു.ഇ.ആർ, എസ്ഐമാരായ ഹരോൾഡ് ജോർജ്, സുനിൽ.പി.സി, കശ്യപൻ, സെബി, തൃശൂർ റൂറൽ ഡാൻസാഫ് എസ്ഐ സി.ആർ. പ്രദീപ്, സീനിയർ സിപിഒമാരായ ലിജു ഇയ്യാനി, സിപിഒമാരായ മാനുവൽ, നിഷാന്ത്, സുനിൽ, ഫൈസൽ, ജമേഴ്‌സൺ എന്നിവർ ചേർന്നാണ് പ്രതിയെപിടികൂടിയത്.