News One Thrissur

Thrissur

തൃശൂർ മൃഗശാലയിൽ നിന്ന് പുത്തൂരിലേക്കുള്ള മാറ്റം അടുത്തമാസം മുതൽ

തൃശൂര്‍: തൃശൂര്‍ മൃഗശാലയില്‍ നിന്ന് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് പക്ഷി മൃഗാദികളെ ഒക്ടോബറോടെ മാറ്റി തുടങ്ങുമെന്ന് മന്ത്രി കെ രാജന്‍. മൃഗങ്ങളെ മാറ്റുന്നതിനുള്ള കേന്ദ്ര അനുമതി ലഭ്യമായെന്നും പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് പദ്ധതിയുടെ പുരോഗതിയിലെ സുപ്രധാന നാഴികല്ലാണ് ഈ അനുമതിയെന്നും മന്ത്രി പറഞ്ഞു48 ഇനങ്ങളിലായി 117 പക്ഷികള്‍, 279 സസ്തനികള്‍, 43 ഉരഗ വര്‍ഗ്ഗജീവികള്‍ എന്നിങ്ങനെ 479 പക്ഷി മൃഗാദികളെയാണ് പുത്തൂരിലേക്ക് മാറ്റാനുള്ള കേന്ദ്ര അനുമതി ലഭിച്ചിരിക്കുന്നത്. ഒക്ടോബര്‍ മാസത്തോടെ തൃശൂര്‍ മൃഗശാലയില്‍ നിന്നും ദേശീയ പക്ഷിയായ മയിലിനെ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് കൊണ്ടുവന്ന് ഈ പരിപാടിക്ക് തുടക്കം കുറിക്കുവാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. തുടര്‍ന്നുള്ള

ദിവസങ്ങളില്‍ തത്ത വര്‍ഗ്ഗത്തില്‍പ്പെട്ട പക്ഷികള്‍, ജലപക്ഷികള്‍ എന്നിവയെയും മാറ്റും. ഇങ്ങനെ വിവിധ സ്പീഷിസുകളില്‍ കുറച്ച് എണ്ണങ്ങളെ കൊണ്ടുവന്ന് നിരീക്ഷിച്ച ശേഷം ഒക്ടോബര്‍ അവസാനത്തോടെ ബോണറ്റ് കുരങ്ങുകളില്‍ ആദ്യ ബാച്ചും തിരുവനന്തപുരം നെയ്യാറില്‍ നിന്നും ചീങ്കണ്ണികളെയും കൊണ്ടുവരും. നവംബര്‍ ഒന്നു മുതല്‍ അംഗസംഖ്യ ഏറ്റവും കൂടുതലുള്ള മാനുകളെ മാറ്റുന്ന നടപടിയും തുടങ്ങുമെന്ന് മന്ത്രി അറിയിച്ചു. തിരുവനന്തപുരം മൃഗശാലയില്‍ നിന്നും പുത്തൂരിലേക്ക് നല്‍കാമെന്ന് തീരുമാനിച്ചിട്ടുള്ള നാല് കാട്ടുപോത്തുകളെ മാറ്റുന്നതിനുള്ള അനുവാദം കൂടി ഇതിനോടകം കേന്ദ്രം മൃഗശാല അതോറിറ്റിയില്‍ നിന്നും ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുകയാണെന്നും ഇവയെയും നവംബര്‍ പകുതിയോടെ പുത്തൂരിലേക്ക് മാറ്റാനാവുമെന്നാണ് കരുതുന്നതെന്നും മന്ത്രി അറിയിച്ചു. കേന്ദ്ര മൃഗശാല അതോറിറ്റി നല്‍കിയിരിക്കുന്ന ആറുമാസം സമയത്തിന് മുന്‍പ് തന്നെ എല്ലാ മൃഗങ്ങളെയും മാറ്റാനാണ് ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ മറ്റു മൃഗശാലകളില്‍ നിന്നും ലഭ്യമാകുന്ന മൃഗങ്ങളെ മാറ്റാനുള്ള നടപടികളും ഇതിനോടൊപ്പം

മുന്നോട്ടുപോകുന്നത്. വിദേശത്തുനിന്നും ജിറാഫ്, സീബ്ര, ആഫ്രിക്കന്‍ മാന്‍, അനാക്കോണ്ട എന്നിവയെ കൊണ്ടുവരുന്നതിനുള്ള താല്‍പര്യപത്രം നേരത്തേ ക്ഷണിച്ചിരുന്നു. ഇതിന് നാല് സ്ഥാപനങ്ങള്‍ താല്‍പര്യം അറിയിച്ചിട്ടുണ്ടെന്നും തുടര്‍നടപടികള്‍ നടന്നു വരികയാണെന്നും മന്ത്രി പറഞ്ഞു. മൂന്ന് ഘട്ടങ്ങളിലായി നിര്‍മ്മാണം പൂര്‍ത്തിയാകുന്ന പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് രണ്ടാം ഘട്ടം പൂര്‍ത്തിയായി മൂന്നാംഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. സുവോളജിക്കല്‍ പാര്‍ക്കുമായി ബന്ധപ്പെട്ടുള്ള ഉന്നതതല സമിതി യോഗം അടുത്തയാഴ്ച വനം വന്യജീവി മന്ത്രിയുടെ അധ്യക്ഷതയില്‍ നടക്കും. ഫോറസ്റ്റ് വകുപ്പ് പിടികൂടി എവിടെയും തിരിച്ചു കൊണ്ടുപോയി വിടാന്‍ കഴിയാതെ സംരക്ഷിച്ചു കൊണ്ടിരിക്കുന്ന മൃഗങ്ങളെയും സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റാനാണ് ഉദ്ദേശം. ഒപി, ഐപി സൗകര്യങ്ങളോടെ മുഴുവന്‍ സമയം പ്രവര്‍ത്തിക്കുന്ന മൃഗാശുപത്രി സമുച്ചയം സുവോളജിക്കല്‍ പാര്‍ക്കിലെ മറ്റൊരു ശ്രദ്ധേയമായ പദ്ധതിയാകുമെന്നും മന്ത്രി പറഞ്ഞു. പുത്തൂര്‍ മുതല്‍ പയ്യപ്പിള്ളിമൂല വരെ നിര്‍മ്മിക്കുന്ന ഡിസൈന്‍ റോഡിനായി 47.30 കോടി രൂപ ചെലവഴിച്ചാണ് സ്ഥലം ഏറ്റെടുക്കുന്നത്. അതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ തുടര്‍ നടപടികള്‍ പുരോഗമിക്കുകയാണ്. പൂത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്കുള്ള സഞ്ചാരം ഇതോടെ സുഗമമാവുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു

Related posts

ചേർപ്പിൽ എം.ഡി.എം.എ. യുമായി നാല് പേർ പിടിയിൽ

Sudheer K

ആലപ്പാട് സാമൂഹിക ആരോഗ്യ കേന്ദ്രം ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമാക്കി : മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു

Husain P M

കാരമുക്ക് – അഞ്ചങ്ങാടി റോഡ് പൂർണമായും തകർന്നു

Sudheer K

Leave a Comment

error: Content is protected !!