തളിക്കുളം: ‘മാറ് മാറ് തമ്പ്രാന്മാരേ മാറ്റത്തിന്റെ പട വരുന്നേ’ എന്ന വിപ്ലവ ഗാനത്തിന്റെ രചയിതാവും രാഷ്ട്രീയ- സാംസ്കാരിക, പൊതു മണ്ഡലങ്ങളിൽ ശ്രദ്ധേയ സാന്നിധ്യമായിരുന്ന തളിക്കുളം തിരുവാടത്ത് ടി.കെ. കുട്ടൻ (74) അന്തരിച്ചു.
1980 കളുടെ തുടക്കത്തിൽ കമ്യൂണിസ്റ്റ് പ്രവർത്തകർക്കാകെ ആവേശം പകർന്ന കേരളം നെഞ്ചോട് ചേർത്ത മാറ് മാറ് തമ്പ്രാന്മാരേ എന്ന വിപ്ലവ ഗാനം കുട്ടന്റെ മാസ്റ്റർ പീസായിരുന്നു. പിന്നിട് ഒട്ടേറെ വിപ്ലവ ഗാനങ്ങൾ സമ്മേളന വേദികളിലും പ്രകടനങ്ങളിലും ആലപിക്കപ്പെട്ടു.
പോരിനായി പോരിക എന്ന പടപ്പാട് പുസ്തകവും തൃശൂർ സമത പ്രകാശനം ചെയ്ത ഓഡിയോ കാസറ്റും വിൽപ്പനയിൽ റെക്കോർഡ് സ്ഥാപിച്ചിരുന്നു. നാട്ടിക മണപ്പുറത്ത് വിപ്ലവ ഗാനങ്ങളുടെ ഒരു തരംഗം തന്നെ സൃഷ്ടിച്ചത് കുട്ടന്റെ രചനകളായിരുന്നു. കെ.എസ്.വൈ.എഫിലൂടെ രാഷ്ട്രീയ – സംഘടന പ്രവർത്തനം ആരംഭിച്ച കുട്ടൻ ദീർഘകാലം സി.പി.എം. തളിക്കുളം ലോക്കൽ കമ്മിറ്റി അംഗമായിരുന്നു. ഏഴ് വർഷം പഞ്ചായത്തംഗമായി പൊതു ജീവിതവും നയിച്ചു.
ചുമട്ട് തൊഴിലാളിയായിരിക്കേ ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ തളിക്കുളം പഞ്ചായത്ത് സെക്രട്ടറിയായി പ്രവർത്തിച്ചു. ജില്ലാ സഹകരണ ബാങ്ക് ജീവനക്കാരനായതിനെ തുടർന്ന് സർവ്വീസ് സംഘടന പ്രവർത്തനത്തിലും സജീവമായി.
പിന്നീട് തളിക്കുളത്തെ സി.പി.എമ്മിലുണ്ടായ ഭിന്നതയെ തുടർന്ന് മറ്റ് പ്രവർത്തകരോടൊപ്പം പാർട്ടി വിട്ട് രൂപീകരിച്ച കമ്യൂണിസ്റ്റ് കൂട്ടായ്മയുടെ കൺവീനറായി പ്രവർത്തിച്ചു. തുടർന്ന് കൂട്ടായ്മ പിരിച്ചു വിട്ട് കുട്ടനടക്കമുള്ളവർ സി.പി.ഐ യിൽ ചേർന്നു.
സി.പി.ഐ. ലോക്കൽ കമ്മറ്റിയംഗമായിരുന്നു. മരണ വിവരമറിഞ്ഞ് മുൻ മന്ത്രി വി.എസ്. സുനിൽ കുമാർ, മുൻ എം.എൽ.എ. ഗീത ഗോപി, സി.പി.എം. നാട്ടിക ഏരിയ സെക്രട്ടറി എം.എ. ഹാരിസ് ബാബു, സി.പി.ഐ. നാട്ടിക മണ്ഡലം സെക്രട്ടറി സി.ആർ. മുരളീധരൻ, അസി: സെക്രട്ടറി കെ.എം. കിഷോർ കുമാർ, തളിക്കുളം ബ്ലോക്ക് പ്രസിഡന്റ് കെ.സി. പ്രസാദ്, നേതാക്കളായ ദിനേശൻ,
എ.കെ. അനിൽകുമാർ, ജോഷി ബാബു, കെ. ആർ. സീത, പു.ക.സ. ജില്ല സെക്രട്ടറി വി.ഡി. പ്രേമപ്രസാദ്, കവി സലിം രാജ് . ഡോ. എ എം.ഹുസൈൻ, ഇ.പി. കെ.സുഭാഷിതൻ തുടങ്ങി ഒട്ടേറെ പ്രമുഖർ അനുശോചനം അറിയിച്ച് വീട്ടിലെത്തിയിരുന്നു. ഭാര്യ: ശ്യാമള. മക്കൾ : ദിലീപ്, സുജിത്ത്. മരുമക്കൾ: ഷഫീല, സുനിത.