വെങ്കിടങ്ങ്: പോക്സോ കേസിൽ ബ്ലോക്ക് പഞ്ചായത്തംഗം അറസ്റ്റിൽ. മുല്ലശ്ശേരി ബ്ലോക്ക് തിരുനെല്ലൂർ ഡിവിഷൻ അംഗം പുതുവീട്ടിൽ ഷരീഫ് ചിറയ്ക്കൽ (52 ) നെയാണ് പാവറട്ടി പൊലിസ് അറസ്റ്റ് ചെയ്തത്. മദ്രസ അധ്യാപകൻ കൂടിയായ പ്രതിയെ കുറിച്ച് തൃശ്ശൂർ ചൈൽഡ് ലൈനിൽ ലഭിച്ച പരാതി പ്രകാരം പാവറട്ടി എസ്എച്ച്ഒ എം.കെ. രമേശിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. ഒരു വർഷത്തിലേറെയായി ഇയാൾ അധ്യാപകനായി ജോലി നോക്കുന്ന മദ്രസയിലെ കുട്ടിയെ മാർക്ക് കുറക്കുമെന്നും തോൽപ്പിക്കുമെന്നും മറ്റും ഭീഷണിപ്പെടുത്തി ലൈംഗികമായി ഉപദ്രവിച്ചു വരുകയായിരുന്നു. കുട്ടിയിലെ സ്വഭാവമാറ്റം കണ്ട് പഠനം നടത്തുന്ന സ്കൂളിലെ ക്ലാസ് ടീച്ചർ കുട്ടിയോട് രഹസ്യമായി
കാര്യങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ് പീഡന വിവരം കുട്ടി സ്കൂൾ അധികൃതരോട് വെളിപ്പെടുത്തിയത്. സ്കൂൾ അധികൃതർ വിവരം തൃശ്ശൂരിലെ ചൈൽഡ് ലൈൻ പ്രവർത്തകരെ അറിയിക്കുകയും ചൈൽഡ് ലൈൻ അധികൃതർ ഇക്കാര്യം പാവറട്ടി എസ്എച്ച്ഒയെ അറിയിക്കുകയുമായിരുന്നു. പോലീസ് കുട്ടിയുടെ മൊഴിയെടുത്ത് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ വടക്കേക്കാട് നിന്നും അറസ്റ്റ് ചെയ്തു. ചാവക്കാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിൽ എസ്ഐമാരായ ഡി. വൈശാഖ്, എം.ജെ. ജോഷി, കെ.വി. ഗിരീഷ്, വനിത സീനിയർ സിവിൽ പൊലിസ് ഓഫീസർ കെ.ജി. ബിന്ദു എന്നിവരുമുണ്ടായിരുന്നു.