കണ്ടശ്ശാങ്കടവ്: കണ്ടശ്ശാങ്കടവ് പ്രൊഫ: ജോസഫ് മുണ്ടശ്ശേരി സ്മാരക ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപക ദിനം വ്യത്യസ്തതഥകളാൽ വർണ്ണാഭമായി. രാവിലെ നടന്ന അസംബ്ലിയിൽ അധ്യാപികമാരുടെ പ്രാർത്ഥന ഗീതം, അധ്യാപക ദിന സന്ദേശം, എൻഎസ്എസ് യൂണിറ്റിന്റെയും ക്ലാസ്സുകളുടെയും ഭാഗമായുള്ള ആദരവ് എന്നിവ ഉണ്ടായിരുന്നു. കുട്ടി അധ്യാപകർക്കായി പ്രത്യേകം സജ്ജമാക്കിയ സ്റ്റാഫ് റൂമിൽ കെ.ജി. അധീൻ പ്രിൻസിപ്പൽ ആയും, അരവിന്ദ് വൈസ് പ്രിൻസിപ്പലായും, അശ്വിൻ അശോക് സ്റ്റാഫ് സെക്രട്ടറിയായും ചുമതലകൾ ഭംഗിയായി നിർവഹിച്ചു. ഇ. ശ്രീലക്ഷ്മി, സന സൗറിൻ,
നവീന സുമേഷ്, അലീന ജെയ്സൺ, കെ.എ. അൻസ, ഗബ്രിയേൽ ടോണി, ഭദ്ര സെലിൻ തുടങ്ങി 48ഓളം കുട്ടി അധ്യാപകർ ടൈംടേബിൾ പ്രകാരം കൃത്യമായി ക്ലാസുകൾ കൈകാര്യം ചെയ്തു. കോളർ മൈക്കുകൾ ഘടിപ്പിച്ച് ആധികാരിക ശബ്ദത്തിൽ വിദ്യാർത്ഥികൾ അധ്യാപകരകാരായി മാറിയത്. കൗതുകത്തോടെയും സംതൃപ്തിയോടെയും മുൻനിര ബഞ്ചുകളിലിരുന്ന് അധ്യാപികമാരും കൺനിറയെ കണ്ട് ആസ്വദിച്ചു. പ്രിൻസിപ്പൾ എ. അബീദ, അധ്യാപകരായ പി.വി. രാജു, ആർ. ശാലിനി എന്നിവർ നേതൃത്വം നൽകി. ക്ലാസുമുറികളിൽ അച്ചടക്കം ലംഘിച്ചവരെയും പഠനത്തിൽ ഉഴപ്പിയവരെയും മാതൃകാപരമായി കൈകാര്യം ചെയ്യാനും കുട്ടി അധ്യാപികമാർ മടിച്ചില്ലെന്നതും ശ്രദ്ധേയമായി.