തൃശൂര്‍: തോട്ടം തൊഴിലാളിയുടെ വീടിന് നേരെ കാട്ടാന ആക്രമണം. കാലടി പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ തോട്ടം തൊഴിലാളി അഭിലാഷിന്റെ വീടാണ് ആന പൊളിച്ചത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയായിരുന്നു സംഭവം. അടുക്കളഭാഗം പൊളിച്ച് വീടിനകത്ത് കയറിയ ആന അകത്തുണ്ടായിരുന്ന സാമഗ്രികളെല്ലാം തകര്‍ത്തു. വാതിലും
ജനലുകളും പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. അകത്തുണ്ടായിരുന്ന മേശ, കസേര, അലമാര, പാത്രങ്ങള്‍ തുടങ്ങിയവയെല്ലാം തകര്‍ത്ത് വലിച്ചെറിയുകയും ചെയ്തു. ഓണമാഘോഷിക്കാന്‍ അഭിലാഷും കുടുംബവും നാട്ടിലേക്ക് പോയിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ശബ്ദം കേട്ടെത്തിയ സമീപവാസികളാണ് ബഹളം വച്ചും പടക്കം പൊട്ടിച്ചും ആനയെ ഓടിച്ചു വിട്ടത്.