അന്തിക്കാട്: സുഹൃത്തുക്കൾ തമ്മിലുണ്ടായ സംഘട്ടനത്തിൽ കുത്തേറ്റ് യുവാവ് ഗുരുതരാവസ്ഥയിൽ. മുറ്റിച്ചൂർ സ്വദേശി കുട്ടാല നിമേഷ് (23) നാണ് കുത്തേറ്റത്. കുടൽമാല പുറത്തു ചാടിയ നിലയിൽ ഗുരുതര പരിക്കേറ്റ യുവാവിനെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച
വൈകീട്ട് 3 മണിയോടെയാണ് സംഭവം. മുറ്റിച്ചൂർ ലക്ഷം വീട് കോളനിയിലെ കാഞ്ഞിരത്തിൽ ഹിരണിന്റെ വീട്ടിൽ വെച്ച് പണിക്കവീട്ടിൽ ഷിഹാബും സുഹൃത്ത് നിമേഷും ചേർന്ന് വാക്ക് തർക്കമുണ്ടാവുകയും പിന്നീട് സംഘട്ടനത്തിൽ കലാശിക്കുകയുമായിരുന്നു. ഈ സമയം കത്തി ഉപയോഗിച്ച് ഹിരൺ നിമേഷിനെ കുത്തുകയായിരുന്നുവെന്ന് പറയുന്നു. ഗുരുതര പരിക്കേറ്റ നിമേഷിനെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘട്ടനത്തിനിട ഹിരണിനും പരിക്കേറ്റു. ഇയാളും ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ഒപ്പമുണ്ടായിരുന്ന ഷിഹാബിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരുന്നു.