കൈപ്പമംഗലം: പെരിഞ്ഞനം ബീച്ചിൽ ഭീമൻ തിമിംഗിലത്തിന്റെ ജഡം കരയ്ക്കടിഞ്ഞു. പെരിഞ്ഞനം ആറാട്ട് കടവിന് വടക്ക് സമിതി ബീച്ചിൽ വെള്ളിയാഴ്ച വൈകീട്ട് അഞ്ചിനാണ് ഭീമൻ തിമിംഗിലത്തിന്റെ ജഡം കരയ്ക്കടിഞ്ഞത്. ദിവസങ്ങളോളം അഴുകിയ ജഡമായതിനാൽ രൂക്ഷമായ ദുർഗന്ധം പരന്നു. ഏകദേശം 25 മീറ്ററോളം നീളമുണ്ട്.
പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡന്റ് വിനിതാ മോഹൻദാസ്, പഞ്ചായത്തംഗങ്ങളായ രാധാകൃഷ്ണൻ, സ്നേഹദത്ത്, ഫോറസ്റ്റ് ഉദ്യോഗസ്ഥർ, കോസ്റ്റൽ പോലീസ്, കയ്പമംഗലം പോലീസ്, ആരോഗ്യപ്രവർത്തകർ തുടങ്ങിയവർ സ്ഥലത്തെത്തി. ജെ.സി.ബി. ഉപയോഗിച്ച് വലിയ കുഴിയെടുത്ത് രാത്രിതന്നെ കടപ്പുറത്ത് തിമിംഗിലത്തെ കുഴിച്ചുമൂടി.